ഹൃദയാരോഗ്യം നിലനിർത്തൂ
സിപിആർ എങ്ങനെ ചെയ്യാം | CPR | First Aid
ഹൃദയസംബന്ധമായ 10 സംശയങ്ങളും മറുപടികളും
-
1. അമിതവണ്ണമുള്ളവരിൽ ഹൃദ്രോഗസാധ്യത കൂടുതലാണോ?
വണ്ണം കൂടുന്നത് കൊണ്ട് മാത്രം ഹൃദ്രോഗം വരണമെന്നില്ല. പക്ഷേ വണ്ണം കൂടിയവർക്ക് കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹവും വരാൻ സാധ്യത കൂടുതലാണ്. വയറിൽ കൊഴുപ്പടിയുന്നത് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ട്. അമിതമായി ആഹാരം കഴിക്കുകയും ആവശ്യമായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോൾ ശരീരത്തിൽ അമിതമായി ഇൻസുലിൻ ഉത്പാദനമുണ്ടാകുന്നു. ആവശ്യമില്ലാത്ത ഇൻസുലിനാണ് കുടവയർ സൃഷ്ടിക്കുന്നത്. ഇതേ ഇൻസുലിൻ രക്തക്കുഴലുകളേയും ദോഷമായി ബാധിക്കുന്നു. അമിതവണ്ണത്തേക്കാൾ കുടവയറാണ് ഹൃദ്രോഗസാധ്യത കൂട്ടുന്നത്.
-
2. പ്രമേഹ രോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണോ?
പ്രമേഹം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടേയും പ്രായം കൂട്ടുകയാണ്. അപ്പോൾ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. രക്തസമ്മർദ്ദം കുറച്ചുവെക്കാൻ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോൾ നിലയും ഇടയ്ക്ക് പരിശോധിച്ച് നിയന്ത്രണാവിധേയമാണെന്ന് ഉറപ്പാക്കണം.
-
3. ഏതു പ്രായം തൊട്ടാണ് ഹൃദയാരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്?
ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാൻ ഒരു പ്രത്യേക പ്രായമൊന്നുമില്ല. ഗർഭാവസ്ഥയിൽ തൊട്ട് സ്പന്ദിച്ച് തുടങ്ങുന്ന ഹൃദയത്തിന് പിന്നീടുള്ള ആയുഷ്‌കാലത്തിൽ വിശ്രമമൊന്നുമില്ല. ചെറുപ്രായം തൊട്ടേ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം. നന്നായി ഓടിച്ചാടിക്കളിച്ച് വളരുന്ന ഒരു കുട്ടിയുടെ ഹൃദയം എത്ര പഴക്കമേറുമ്പോഴും നല്ല ആരോഗ്യസ്ഥിതിയിൽ തുടരും.
-
4. വേദനയില്ലാതെയും ഹൃദയാഘാതം വരാറുണ്ടോ?
പ്രമേഹമുള്ളവരിൽ ചിലപ്പോൾ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചു പോവാറുണ്ട്. ഹൃദയത്തിലേക്കുള്ള ഞരമ്പുകളുടെ സംവേദനശേഷി നശിച്ചവരിൽ ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോകാറുണ്ട്. ഇവരിൽ മറ്റു ചില ലക്ഷണങ്ങളിലൂടെയാണ് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർ തിരിച്ചറിയുന്നത്.
-
5. കേരളത്തിൽ വർധിച്ചു കാണുന്ന ഹൃദ്രോഗങ്ങൾക്ക് പിന്നിലെ കാരണങ്ങൾ?
കേരളത്തിൽ ഹൃദ്രോഗബാധയെക്കുറിച്ച് നടന്ന ആദ്യത്തെ പഠനം 1962ൽ ഡോ. പത്മാവതിയുടെ റിപ്പോർട്ടാണ്. അതിൽത്തന്നെ പറയുന്നത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ്. പുകവലി ഇനിയും നിയന്ത്രണാധീനമാവാത്തതാണ് ഇതിന് പ്രധാന കാരണം. പിന്നെ വ്യായാമശീലത്തിന്റെ കുറവ്. മറ്റൊന്ന് ആഹാരരീതി. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം പരിമിതമാക്കണം.
-
6. സാധാരണ ഒരാൾ ഹൃദയപരിശോധനകൾ ചെയ്യേണ്ടത് എന്നുതൊട്ടാണ്?
'കാർഡിയാക് എക്സിക്യൂട്ടീവ് ചെക്കപ്പ്' പോലുള്ള പാക്കേജുകളിലൂടെ അടിസ്ഥാനപരമായ ഹൃദയപരിശോധനകൾ നടത്താൻ കഴിയും. ഇ.സി.ജി., എക്കോ തുടങ്ങിയ പരിശോധനകളും ചെയ്യാം. രക്തത്തിലെ കൊളസ്ട്രോൾ, ഷുഗർ എന്നിവയും പരിശോധിക്കണം.
-
7. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷ്യവസ്തു ഏതാണ്?
കായികമായി കൂടുതൽ അദ്ധ്വാനിക്കുന്നവർക്ക് അരി, ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം പരിമിതമായേ വേണ്ടൂ. ലഞ്ചിന് രണ്ട് ചപ്പാത്തിയം കറിയും, അത്രയും ധാരാളം. പഴങ്ങൾ നന്നായി കഴിക്കണം. ജൂസാക്കി കഴിക്കുന്നതിനേക്കാൾ നല്ലത് പഴങ്ങൾ അതേപടി കഴിക്കുന്നതാണ്. രണ്ട് കപ്പിൽ കൂടുതൽ കാപ്പിയോ ചായയോ ഒരു ദിവസം ആവശ്യമില്ല. കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
-
8. ഹൃദ്രോഗികൾ സ്ഥിരമായി ചെയ്യേണ്ട പരിശോധനകൾ എന്തൊക്കെ?
ഹാർട്ട് അറ്റാക്ക് വന്നിട്ട് 90 ശതമാനവും രോഗമുക്തരായവർക്ക് വർഷത്തിലൊരിക്കൽ ഒരു ഫുൾ ചെക്കപ്പ് നടത്തണം. ഹൃദ്രോഗികളിൽ 30-40 ശതമാനം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഇവരിൽ രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവരാണെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് ചെറിയ തരത്തിൽ കുഴപ്പങ്ങളുണ്ടായവർ രണ്ട് മാസം കൂടുമ്പോൾ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായവർ കൃത്യമായി പരിശോധനകൾ നടത്തിയിരിക്കണം.
-
9. ഹൃദയാഘാതം മൂലമുള്ള വേദനയെ എങ്ങനെ വേർതിരിച്ചറിയാം?
നെഞ്ചിൽ വിരൽകൊണ്ട് തൊട്ടുനോക്കിയാൽ ഒരു പോയിന്റിൽ മാത്രം അനുഭവപ്പെടുന്ന വേദന. ശ്വാസം വലിച്ച് വിടുമ്പോൾ കൂടുകയും കുറയുകയും ചെയ്യുന്ന വേദന. തിരിയുമ്പോഴും മറിയുമ്പോഴും തോന്നുന്ന വേദന. ഇതൊന്നും ഹൃദയാഘാതവുമായി ബന്ധമുള്ള വേദനകളല്ല.
-
10. ഹൃദയാഘാതം ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയാനാവുമോ? എന്തൊക്കെയാണ് അവ?
കുറച്ച് ആഴ്ചകളായുണ്ടാവുന്ന ചെറിയ നെഞ്ച് വേദനകൾ. കയറ്റം കയറുമ്പോഴും വേഗത്തിൽ നടക്കുമ്പോഴും ഉണ്ടാവുന്ന നെഞ്ചുവേദന. ഇതൊക്കെയാണ് പതിവായി കാണുന്ന ലക്ഷണങ്ങൾ.

