അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ

വിശ്വാസങ്ങള്‍ തീര്‍ത്ത അടിത്തറയില്‍, ഉത്തര-ദക്ഷിണ ക്ഷേത്ര വാസ്തുശില്‍പ ശൈലികളും രാജ്യത്തിന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യവും കൈകോര്‍ക്കുന്ന വാസ്തുവിദ്യാ വൈഭവമാണ് അയോധ്യയിലെ എഴുപത് ഏക്കറില്‍ ഒരുങ്ങിയിരിക്കുന്ന രാമക്ഷേത്രം. ഉത്തരേന്ത്യയിലെ ക്ഷേത്ര നിര്‍മാണത്തിനുപയോഗിക്കുന്ന നാഗര ശൈലിയും ദക്ഷിണേന്ത്യയുടെ ദ്രാവിഡ ശൈലിയും ക്ഷേത്രസമുച്ചയത്തില്‍ ഒരുമിക്കുമ്പോള്‍, കേരളത്തിന്റെ തേക്കും രാജസ്ഥാനിലെ പിങ്ക് നിറമുള്ള കല്ലുകളും തെലങ്കാനയുടെയും കര്‍ണാടകയുടെയും ഗ്രാനൈറ്റും അതില്‍ പങ്കുചേരുന്നു. നാലായിരത്തോളം പേരുടെ രാപ്പകലില്ലാത്ത അധ്വാനമാണ് രാമക്ഷേത്രത്തിനു പിന്നില്‍. നിര്‍മാണം തുടങ്ങി നാലുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ജനുവരി 22-ന് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മം നടക്കുകയാണ്.