ഇൻഫോപാർക്ക് ഇരുപതാം വർഷത്തിൽ: ആഘോഷമാക്കാൻ മാതൃഭൂമി ഡോട്ട് കോമിന്റെ ഡി കോഡ്

കൊച്ചി: ഇൻഫോപാർക്കിന്റെ ഇരുപതാം വർഷികത്തിന് മാറ്റ് കൂട്ടാൻ മാതൃഭൂമി ഡോട്ട് കോം 'ഡി കോഡ്' എന്ന സംഗീതപരിപാടി അവതരിപ്പിക്കുന്നു. ഒക്ടോബർ 22, 23, 24 തീയതികളിൽ ഇൻഫോപാർക്ക് സ്‌ക്വയറിൽ വൈകീട്ട് 6 മുതൽ 10 മണി വരെയാണ് പരിപാടി നടക്കുക. നിത്യ മാമൻ, രൂപ രേവതി, ഹരിശങ്കർ, ആൽമരം ബാൻഡ്, ഡിജെ സിക്‌സ്എയ്റ്റ് എന്നിവരാണ് ഡി കോഡിൽ സംഗീതവിരുന്ന് ഒരുക്കുന്നത്. ആസ്വാദകർക്ക് പ്രിയപ്പെട്ട ഈ പിന്നണിഗായകരും ബാൻഡുകളും ചേർന്ന് ഇൻഫോപാർക്ക് സ്‌ക്വയറിനെ മൂന്ന് ദിവസം ആവേശഭരിതമാക്കും.

2004ൽ കാക്കനാട്ട് 260 ഏക്കറിൽ പ്രവർത്തനം ആരംഭിച്ച ഇൻഫോപാർക്കിൽ തൃശ്ശൂർ കൊരട്ടിയിലും ആലപ്പുഴ ചേർത്തലയിലും സാറ്റ്ലൈറ്റ് ക്യാംപസുകളുണ്ട്. ഈ മൂന്ന് ക്യാംപസുകളിലായി 582 കമ്പനികൾ പ്രവർത്തിക്കുന്നു. 70,000ത്തോളം പ്രഫഷണലുകളാണ് ഈ കമ്പനികളിൽ ജോലി ചെയ്യുന്നത്.