നവംബര്‍ 12 ഞായര്‍ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന സില്‍കാര-ദന്തല്‍ഗാവ് തുരങ്കം ഭാഗികമായി തകരുന്നു. പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 60 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍പ്പെട്ടു. റോബോട്ടുകള്‍, മൈക്രോ ഡ്രോണുകള്‍ എന്നിവയുമായാണ് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ (ഡി.ആര്‍.ഡി.ഒ.) സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. മലയുടെ മുകളില്‍നിന്ന് താഴേക്ക് കുഴിക്കാനുള്ള സാധ്യതയാണ് ഒടുവില്‍ ഡി.ആര്‍.ഡി.ഒ. പരിശോധിക്കുന്നത്. റോബോട്ടുകളെയും എന്‍ഡോസ്‌കോപിക് ക്യാമറയും കടത്തി വിട്ട് മലയിടിച്ചിലിന്റെ അവശിഷ്ടങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും. മലമുകളില്‍ പരിശോധനകള്‍ക്കായി മൈക്രോ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണസേനയും ചേർന്ന് രക്ഷാപ്രവർത്തനം.
ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം.
900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റിയത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്‌സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
ഇതിനിടയിൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നു. ആശങ്കയുടെ മണിക്കൂറുകൾ. പിന്നാലെ, പ്ലാറ്റ്‌ഫോമിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരാകുന്നു. ബുധനാഴ്ചയോടെ തൊഴിലാളികളെ പുറത്തെടുക്കാനാകുമെന്ന് സംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ, രക്ഷാപ്രവർത്തനം ബുധനാഴ്ചയോടെ സാധ്യമായില്ല.
തുരങ്കത്തിൽ പെട്ടവർക്ക് പനി ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുകൾ.
രക്ഷാപ്രവർത്തനത്തിനായി യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കൻ ആഗർ' എത്തിക്കുന്നു. ചിൻയാലിസോർ വിമാനത്താവളം വഴി വ്യോമസേനയുടെ ഇ 130 ജെ വിമാനത്തിലാണ് അമേരിക്കൻ ആഗർ എത്തിച്ചത്. വേഗത്തിൽ കുഴിയെടുക്കാനായിരുന്നു ഉദ്ദേശ്യം. ഇതുവഴി സ്റ്റീൽ പൈപ്പുകൾ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.


ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണം പ്രവർത്തനം ആരംഭിക്കുന്നു. 4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയാകുന്നു.

വ്യാഴാഴ്ച (16.11.2023) രാവിലെ വലിയ പാറക്കല്ലിലിടിച്ച് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ആഗര്‍ ഡ്രില്ലിങ്ങ് മെഷിന്റെ കേടുപാടുകള്‍ പരിഹരിച്ച് ഡ്രില്ലിങ് പുനരാരംഭിച്ചു.
വെള്ളിയാഴ്ച (17.11.2023) ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷം ആഗര്‍ ഡ്രില്ലിങ്ങ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം തീര്‍ത്തും നിലച്ചു.
വെള്ളിയാഴ്ച 27,500 കിലോഗ്രാം തൂക്കം വരുന്ന നിര്‍ണായക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ സാഹസികമായി ഉത്തരാഖണ്ഡ് പര്‍വതനിരകളിലെ എയര്‍സ്ട്രിപ്പിലെത്തിച്ചു.
ശനിയാഴ്ച (18.11.2023) മധ്യപ്രദേശിലെ ഇന്ദോറില്‍നിന്ന് 22 ടണ്‍ വരുന്ന പുതിയ ഡ്രില്ലിങ് മെഷീന്‍ വ്യോമസേനയുടെ സി-17 വിമാനത്തില്‍ എത്തിച്ച് ഡ്രില്ലിങ് പുനരാരംഭിച്ചു. അഞ്ചാമത്തെ ഉരുക്കുകുഴല്‍ സ്ഥാപിക്കുന്നതിനിടെ ഉഗ്രശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് ഡ്രില്ലിങ് നിര്‍ത്തിവച്ചു.
ശനിയാഴ്ച രാത്രിയോടെ മുകള്‍ ഭാഗത്തുനിന്ന് 1000 മീറ്റര്‍വരുന്ന ബദല്‍പാത തുരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.


പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈമാസം 12 മുതല്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ഭരണകൂടവും ജില്ലാ ഭരണകൂടവും ആവര്‍ത്തിച്ചു. ഓക്‌സിജന്‍ മുടങ്ങാതെ ലഭ്യമാക്കുന്നുണ്ട്. തുരങ്കത്തില്‍ കോണ്‍ക്രീറ്റ് നിര്‍മാണം പൂര്‍ത്തിയായ ഒന്നര ക്കിലോമീറ്റര്‍ ഭാഗത്താണ് തൊഴിലാളികളുള്ളത്. വൈദ്യുതിയും വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. മരുന്നുകളും നല്‍കുന്നുണ്ട്. എന്നാല്‍, തലകറക്കം, തലവേദന, ഛര്‍ദി, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചിലര്‍ക്കുണ്ടാകുന്നുണ്ട്. ഭയാശങ്കകള്‍ ഉയര്‍ത്തുന്ന മാനസിക പ്രശ്‌നങ്ങളും ചിലരെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യവിദഗ്ധര്‍ സമയാസമയത്ത് ഇടപെട്ട് മരുന്നും നിര്‍ദേശങ്ങളും ആശ്വാസനടപടികളും സ്വീകരിക്കുന്നുണ്ട്.
നവംബർ 21 ചൊവ്വ
തുരങ്കത്തിനകത്തേക്ക് സ്ഥാപിച്ച കുഴലിലൂടെ എൻഡോസ്കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തി. മറ്റൊരു നാലിഞ്ച് കംപ്രസർ ട്യൂബ് വഴി തൊഴിലാളികൾ പുറത്തുള്ള ബന്ധുക്കളുമായി സംസാരിച്ചു. തൊഴിലാളികൾ ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം. കുഴലിലൂടെ തുരങ്കത്തിനുള്ളിൽ ഭക്ഷണസാധനങ്ങളും മറ്റും എത്തിച്ചു.
നവംബർ 22 ബുധൻ
അപകടം നടന്ന് 11-ാം ദിവസം. 39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയാക്കി. തൊഴിലാളികള്‍ 57 മീറ്റര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ. ഇനി 18 മീറ്റര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഉത്തരാഖണ്ഡ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മഹമൂദ് അഹമ്മദ് പറഞ്ഞു.

നവംബർ 22 ബുധൻ
രക്ഷാദൗത്യത്തിലേക്ക് രണ്ടു റോവറുകള്‍ കൂടി ഭാഗമാവുന്നു. രക്ഷാപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ദക്ഷ് മിനി, ദക്ഷ് സ്‌കൗട്ട് എന്നീ റോവറുകളെയാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷല്‍ നല്‍കിയത്. റിമോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളാണിവ



നവംബർ 22 ബുധൻ
പാറക്കെട്ടിനും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടങ്ങള്‍ക്കും ഇടയില്‍ രക്ഷാപാതയിലേക്ക് പന്ത്രണ്ട് മീറ്റര്‍ അകലം മാത്രം. തൊഴിലാളികള്‍ക്കരികില്‍ ബുധൻ (നവംബർ 22) രാത്രി 11.30 യോടെ എത്താനാകുമെന്ന് പ്രതീക്ഷ. നിർണായകഘട്ടത്തിലേക്കെന്ന് ഉദ്യോഗസ്ഥർ.
ദിവസങ്ങളോളം സൂര്യവെളിച്ചമേല്‍ക്കാതേയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ അനുഭവിക്കാനാകാതെ പുറത്തെത്തുന്ന മനസും ശരീരവും ഒരുപോലെ ക്ഷീണിതമായി പുറത്തെത്തുന്ന തൊഴിലാളികള്‍ക്ക് ചികിത്സാസംവിധാനമടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. 30 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപം സജ്ജമാക്കി കാത്തിരിപ്പ്.
വിദഗ്ധരുള്‍പ്പെടുന്ന പതിനഞ്ചംഗ ഡോക്ടര്‍സംഘത്തെ തുരങ്കത്തിനുപുറത്ത് വിന്യസിച്ചു. അത്യാധുനികസംവിധാനങ്ങളുള്ള പന്ത്രണ്ട് ആംബുലന്‍സുകള്‍, അടിയന്തരസാഹചര്യമുണ്ടാകുന്ന പക്ഷം ഹെലികോപ്റ്ററിന്റെ സഹായം, ചിന്യാലിസോര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രത്യേകവാര്‍ഡ്, ഋഷികേശിലെ എയിംസ് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ ആശുപത്രികളിലും വേണ്ട ഒരുക്കങ്ങള്‍ നടത്തി.
നവംബർ 23 വ്യാഴം
ഡ്രില്ലിങ് പ്രവൃത്തിയിൽ അപ്രതീക്ഷിത തടസ്സം നേരിടുന്നു. രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാകുന്നു. തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലുള്ള വലിയ ഭാഗങ്ങൾ ബ്ലേഡിന് തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് ഡ്രില്ലിങ് നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ ഡ്രില്ലിങിനുപയോഗിക്കുന്ന ഓഗർ പുറത്തെത്തിച്ചു.

നവംബർ 26 ഞായർ
തുരക്കാന്‍ ഉപയോഗിക്കുന്ന ഓഗര്‍ മെഷീന്‍ തുടര്‍ച്ചയായി സാങ്കേതികപ്രശ്‌നം നേരിടുന്നതിനാൽ യന്ത്രസഹായമില്ലാതെ തുരക്കാനുള്ള സാധ്യത പരിശോധിക്കുന്നു.
ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിന് ഇന്ത്യൻ സൈന്യവും ട്രെഞ്ച്ലെസ്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. തുരങ്കത്തിന്റെ മേൽ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

മനുഷ്യാധ്വാനം ഉപയോഗിച്ച് തുരക്കേണ്ടിവന്നാൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ചിലപ്പോൾ ഒരുമാസത്തോളം വേണ്ടിവരുമെന്ന് അധികൃതർ സൂചന നൽകിയിരുന്നു. ക്രിസ്മസിന് മുൻപായി തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് തുരങ്കനിർമാണ വിദഗ്ധൻ അർനോൾഡ് ഡിക്സ്.
നവംബർ 27 തിങ്കൾ
ബാക്കിയുള്ള 10 മീറ്റർ ഭാഗം റാറ്റ് ഹോൾ മൈനിങ് വിദഗ്ധർ തുരക്കാൻ ആരംഭിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിൽ അവർ തുരന്ന് മുന്നേറി. വൈകാതെ തൊഴിലാളികളെ രക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷ..

നവംബർ 28 ചൊവ്വാഴ്ച
ഉച്ചയോടെ തുരങ്കത്തിന്‍റെ 5 മീറ്റർ തുരന്നു. രക്ഷപ്പെടുത്തൽ അഞ്ച് മീറ്റർ മാത്രം അകലെ. വൈകുന്നേരത്തോടെ രാജ്യം കാത്തിരുന്ന വാർത്തയെത്തി. രക്ഷാദൗത്യം വിജയമെന്ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ദേശീയ ദുരന്തനിവാരണ ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം.

രാത്രി എട്ടുമണിയോടെ ആദ്യത്തെ തൊഴിലാളി പുറത്തെത്തിയതോടെ കാത്തിരുന്നവരുടെ മനസ്സിൽ ആശ്വാസത്തിന്‍റെ കാറ്റുവീശി.
.

തൊഴിലാളികളെ പ്രത്യേക സ്‌ട്രെച്ചറുകളിൽ ബന്ധിച്ച് കിടത്തി, കുഴലിലൂടെ 60 മീറ്റർ ദൂരം രക്ഷാപ്രവർത്തകർ കയർ ഉപയോഗിച്ച് വലിച്ചുകൊണ്ടുവരികയായിരുന്നു.

ഇവരെ കയറ്റാൻ 41 ആംബുലൻസ് സജ്ജമാക്കിയിരുന്നു. പുറത്തെത്തിച്ച ഉടനെ തൊഴിലാളികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രക്ഷാപ്രവർത്തനത്തിന്‍റെ അവസാനഘട്ടത്തിൽ നിർണായകമായത് റാറ്റ് മൈനേഴ്സിന്‍റെ വൈദഗ്ധ്യം.

Co-ordination: Reji P George | Illustrations: V Balu | Design: Sajiv P Radhakrishnan | Coding: Shanthi C P
© Copyright Mathrubhumi 2023. All rights reserved.