മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം ആഗസ്റ്റ് 20 -ന്

കൊച്ചി: മാതൃഭൂമി ഡോട്ട് കോം 'മേനേ പ്യാർ കിയാ' സിനിമാ ടീമുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരളാ വടംവലി മത്സരം ആഗസ്റ്റ് 20-ന് കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്നു. വൈകീട്ട് ആറരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മേനേ പ്യാർ കിയായിലെ താരങ്ങൾ പങ്കെടുക്കുന്നതാണ്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

കേരളത്തിലെ പ്രമുഖരായ 20 ടീമുകളാണ് വടംവലി മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപ 10,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ക്വാർട്ടർ ഫൈനലിൽ എത്തുന്ന നാല് ടീമുകൾക്ക് 5,000 രൂപ വീതം ലഭിക്കും. എറണാകുളം ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.

ജോസ് ആലുക്കാസ് ടൈറ്റിൽ സ്‌പോൺസറായ അഖില കേരള വടംവലി മത്സരത്തിന്റെ അസോസിയേറ്റ് സ്‌പോൺസർമാർ മുത്തൂറ്റ് മിനിയും കെഎസ്എഫ്ഇയും ആണ്.